തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് നിർണായകമായ തീരുമാനമെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹൈക്കമാന്റിനോടും സംസ്ഥാന നേതൃത്വത്തോടും വിനീതമായി അഭ്യർത്ഥിച്ച് പ്രവർത്തകരും അനുഭാവികളും. കേരളത്തിന്റെ രാഷ്ട്രീയ യാഥാർഥ്യവും ജനവികാരവും കണക്കിലെടുത്ത് വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി ഉയർത്തിക്കാട്ടണമെന്ന ആവശ്യം സോഷ്യൽ മീഡിയയിലും പൊതുവേദികളിലും ശക്തമാവുകയാണ്. കെ കരുണാകരനെയും ഉമ്മൻചാണ്ടിയെയും നെഞ്ചിലേറ്റിയ തലമുറകൾ പോലും ഇന്ന് വി ഡി സതീശനിൽ ആ പുതിയ പ്രതീക്ഷ കണ്ടെത്തുന്നു എന്നതാണ് ഈ ആവശ്യത്തിന് പിന്നിലെ പ്രധാന ഘടകം.
അധികാരത്തിന്റെ അഹങ്കാരമല്ല മറിച്ച് ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് ഒരു നേതാവിനെ ഉയർത്തുന്നതെന്ന ബോധ്യത്തിൽ നിന്നാണ് സതീശന്റെ പേര് ഉയരുന്നത് . കഴിഞ്ഞ നിയമസഭാ കാലയളവിൽ ഉടനീളം സ്വർണ്ണക്കടത്ത് എഐ ക്യാമറ, മാസപ്പടി വിവാദങ്ങൾ തുടങ്ങി ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കിയ നിരവധി വിഷയങ്ങളിൽ അദ്ദേഹം നടത്തിയ പോരാട്ടം ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതിക്കെതിരെയായ ജനകീയ പ്രതിരോധം, തീരദേശ ജനതയുടെ പ്രശ്നങ്ങൾ, തൊഴിൽ ഇല്ലായ്മ, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച ഉറച്ച നിലപാടുകൾ കേവലം രാഷ്ട്രീയ തന്ത്രങ്ങൾ അല്ല മറിച്ച് ജനങ്ങളോടുള്ള ആത്മാർത്ഥമായ കരുതലാണെന്ന് പൊതുസമൂഹം വിലയിരുത്തുന്നു.
നിയമസഭയ്ക്ക് അകത്തും പുറത്തും അച്ചടക്കമുള്ള പ്രതിപക്ഷ പ്രവർത്തനം കാഴ്ചവച്ച സതീശൻ ചിതറിക്കിടക്കുന്ന യുഡിഎഫിനെ ഒരു കെട്ടുറപ്പുള്ള മുന്നണി ആക്കി മാറ്റുന്നതിൽ നിർണായകമായ പങ്കാണ് വഹിച്ചത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയോ എംഎൽഎമാരുടെ എണ്ണത്തിന്റെയോ കണക്കു പുസ്തകങ്ങൾ നോക്കി തീരുമാനമെടുക്കേണ്ട സമയമല്ല ഇതെന്നും ജനങ്ങളുടെ ഹൃദയമിടിപ്പ് തിരിച്ചറിയേണ്ട ഘട്ടമാണ് ഇതെന്നും പ്രവർത്തകർ ഓർമിപ്പിക്കുന്നു. രാഷ്ട്രീയ മര്യാദയും വ്യക്തമായ ദിശാബോധവും ഉള്ള വി ഡി സതീശൻ എന്ന ജനനായകന് കീഴിൽ കേരളത്തിന് പുതിയൊരു ഉണർവ് ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ കോൺഗ്രസ് നേതൃത്വത്തിന്റെ ക്രിയാത്മകമായ തീരുമാനത്തിനായി കാത്തിരിക്കുകയാണ്



