തിരുവനന്തപുരം: കെ സി വേണുഗോപാൽ കേരളത്തിൽ എത്തി. മന്ത്രിസഭ രൂപീകരണ ചർച്ചകൾക്ക് വേണ്ടിയാണ് അദ്ദേഹം എത്തിയത്. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്നാണ് കെസി വേണുഗോപാലിനെ സ്വീകരിച്ചത്. അതേസമയം കെ സി എന്ന ഒരു പക്ഷമില്ലെന്നും സർക്കാറിന് പൂർണ പിന്തുണ എന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ പ്രശ്നങ്ങൾ സംസാരിച്ചു പരിഹരിക്കും. അദ്ദേഹത്തിനോട് നിലവിൽ ചർച്ചകൾ നടന്നതായും കെ സി വേണുഗോപാൽ പ്രതികരിച്ചു. പാർട്ടി ഒരു അന്തിമ തീരുമാനമെടുത്തു കഴിഞ്ഞാൽ ആ തീരുമാനത്തെ അംഗീകരിച്ചു മുന്നോട്ടു പോവുക എന്നുള്ളതാണ് ഓരോ പാർട്ടി പ്രവർത്തകരുടെയും ഉത്തരവാദിത്വം അത് താൻ ശിരസാ വഹിക്കുന്നു. അങ്ങനെയുള്ള ഒരു വ്യക്തിത്വമാണ് തന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരുപാട് പിച്ചിച്ചീന്തിയില്ലേ മതിയായില്ലേ എന്നായിരുന്നു മാധ്യമങ്ങളോടുള്ള കെ സിയുടെ ചോദ്യം. ഇവിടെ നല്ലൊരു ഗവൺമെന്റ് വന്നു ജനങ്ങൾ ആ പ്രതീക്ഷയിലാണ്. അതിനനുസരിച്ച് സർക്കാരിനെ മുന്നോട്ട് പോകാൻ അനുവദിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.



