പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി ഐസിസി അംഗം ഹാജരായ സംഭവത്തിൽ ഒന്നും അറിയില്ല എന്ന പ്രതികരണവുമായി അമ്മയുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയിലെ അംഗമാണ് രഞ്ജിത്തിന് വേണ്ടി ഹാജർ ആയത് എന്ന വിവരം തനിക്ക് അറിയില്ല എന്നാണ് കുക്കു പരമേശ്വരന്റെ പ്രതികരണം. നടിക്ക് നേരിടേണ്ടിവന്ന ലൈംഗിക ആക്രമണം ഗൗരവത്തിൽ തന്നെയാണ് അമ്മ സംഘടന പരിഗണിക്കുന്നത് എന്നും തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കണം എന്നും കുക്കു പരമേശ്വരൻ പ്രതികരിച്ചു.
ഐസിസി അംഗമായ അഡ്വക്കറ്റ് മുഹമ്മദ് സിയാദ് ആണ് രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്. എന്നാൽ ഐസിസിയിൽ നിന്നും കഴിഞ്ഞ ദിവസം രാജിവച്ചു എന്നാണ് മുഹമ്മദ് സിയാസ് നൽകുന്ന വിശദീകരണം. രണ്ടുദിവസം മുമ്പാണ് സംവിധായകൻ രഞ്ജിത്തിനെ ലൈംഗിക പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. സിനിമാ സെറ്റിലെ കാരവാനിൽ വച്ച് യുവ നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ഇയാൾക്കെതിരായ കേസ്.



