ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗവർണറുടെ നീക്കത്തിന് കീഴടങ്ങിയിരിക്കുകയാണ് യുഡിഎഫ് എന്ന് വിമർശിച്ച് സിപിഎം. ഗവർണറുമായി ഏറ്റുമുട്ടാൻ സാധിക്കില്ല എന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ നിലപാട് അതാണ് വ്യക്തമാക്കുന്നത് എന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ വലിയ രീതിയിൽ ഇതിനെതിരെയെല്ലാം ശബ്ദം ഉയർത്തി കൊണ്ടിരുന്ന യുഡിഎഫ് ഈ വിഷയത്തിൽ ഇപ്പോൾ മൗനം പാലിക്കുകയാണ് എന്നും കുറ്റപ്പെടുത്തി.സർവകലാശാലാ നിയമനങ്ങളിൽ വലിയ തോതിലുള്ള 'യുഡിഎഫ്–ബിജെപി ഡീൽ' ആണ് ഇതിലൂടെ പുറത്തുവരുന്നതെന്നും സിപിഎം വിമർശിച്ചു.
ഭരണത്തിൽ എത്തി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ കൊച്ചി സർവകലാശാലയിലെ ബിജെപി അധ്യാപക സംഘടനാ നേതാവായ ഡി. മാവൂതിനെ എം.ജി സർവകലാശാല വൈസ് ചാൻസലർ (വി.സി) ആക്കി മാറ്റിയപ്പോൾ സർക്കാർ നിസ്സംഗത പാലിച്ചു. സർക്കാരിന് പട്ടിക നൽകാൻ സാവകാശമുണ്ടായില്ലെന്നും ചാൻസലറായ ഗവർണർ സ്വന്തം അധികാരം വിനിയോഗിച്ചാണ് നിയമനം നടത്തിയതെന്നുമാണ് മന്ത്രി റോജി എം. ജോണിന്റെ വാദം. ക്യാമ്പസുകളിൽ രാഷ്ട്രീയം വേണ്ട എന്ന നിലപാട് സ്വീകരിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ ആർഎസ്എസ് എന്ന സംഘടനയുടെ പശ്ചാത്തലമുള്ള വ്യക്തിയെ വി സിയായി നിയമിച്ചു എന്നിങ്ങനെ സിപിഎം വിമർശനം ഉയർത്തുകയാണ്.



