സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടുന്നതിന് രംഗബോധവും സ്ഥലകാലബോധവും ഇല്ലാതെ ഇനി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഓടിക്കയറാം എന്ന് ആരും കരുതണ്ട. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്. അപകടങ്ങൾ മരണാനന്തര ചടങ്ങുകൾ വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കും എന്ന മുന്നറിയിപ്പുമായി കേരള പോലീസ് എത്തിയിരിക്കുന്നത്.അന്തരിച്ച നടന് സലിംകുമാറിന്റെ സംസ്കാര ചടങ്ങുകളുടെ ദൃശ്യം പകർത്തുന്നതിന് വേണ്ടി അനാവശ്യമായ ഉന്തും തള്ളും ശ്രദ്ധിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് കേരള പോലീസ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഒരു വ്യക്തിയുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ‘സ്വകാര്യതയ്ക്കുള്ള അവകാശത്തിന്’ എതിരാണെന്ന് പൊലീസ് വ്യക്തമാക്കി. ഐടി നിയമം സെക്ഷൻ 66E പ്രകാരം, ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.



