ഷിബു പാലത്തുംപാട്ട്.
ഗ്രേറ്റർ റിച്ച്മണ്ട് അസോസിയേഷൻ ഓഫ് മലയാളീസ് (ഗ്രാമം) സംഘടിപ്പിച്ച ഗ്രാമോത്സവം 2026 അതിമനോഹരമായി അരങ്ങേറി. വിർജീനിയയിലെ റിച്ച്മണ്ടിൽ വച്ചായിരുന്നു ചടങ്ങുകൾ. മലയാളി സമൂഹത്തിന്റെ ഐക്യവും കരുത്തും വിളിച്ചോതിയ സംഗമം 2026 ലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. പ്രസിഡന്റിന്റെ സ്വാഗത പ്രസംഗത്തോടെയും ഭദ്രദീപം കൊളുത്തിയും ആണ് പരിപാടികൾക്ക് തുടക്കമായത്. തന്റെ പ്രസംഗത്തിൽ കമ്മ്യൂണിറ്റി അംഗങ്ങളുടെ സഹകരണത്തിനും സ്പോൺസർമാരുടെ പിന്തുണയ്ക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. അതിനുപുറമെ നിലവിലെ അംഗങ്ങളെ ആദരിക്കാനും പുതിയ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്താനുമുള്ള വേദിയായി ഗ്രാമോത്സവം മാറി.


പരിപാടിയിലെ പ്രധാന ആകർഷണം ആയിരുന്ന മാജിക് ഷോ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അത്ഭുതപ്പെടുത്തി. കൂടാതെ അംഗങ്ങൾ അവതരിപ്പിച്ച ഗാനങ്ങളും ഗ്രൂപ്പ് നൃത്തങ്ങളും ചടങ്ങിന് വർണ്ണാഭമായി മാറ്റുകൂട്ടി. ലക്കി ഡ്രോ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തതും വിഭവസമൃദ്ധമായ വിരുന്നും ആഘോഷത്തിന്റെ മറ്റൊരു ആകർഷണമായി മാറി.


2026 എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് മാത്യു ആലപ്പാട്ട്, വൈസ് പ്രസിഡന്റ് അശ്വതി വർഗീസ്, സെക്രട്ടറി ശ്യാം കൃഷ്ണ കുമാർ, ജോയിന്റ് സെക്രട്ടറി നർഗിൽ നാരായണക്കുട്ടി, ട്രഷറർ പൗലോസ് ബാബു,ജോയിന്റ് ട്രഷറർ ശശികുമാർ നായർ, ഡയറക്ടർ (സാംസ്കാരികവും ഇൻഡോർ പരിപാടികളും) രേഷ്മ രാജു, ഡയറക്ടർ (ഔട്ട്ഡോർ പ്രവർത്തനങ്ങൾ) മിറാജ് മുരളി, ഡയറക്ടർ (ഡിജിറ്റൽ & സോഷ്യൽ മീഡിയ) ജയകൃഷ്ണൻ വിജയകുമാർ, ഡയറക്ടർ (വുമൺസ് ഫോറം) ശ്രീജ ശ്രീവത്സൻ, ഡയറക്ടർ (മെമ്പർഷിപ്പ്) ബോബി മാത്യൂസ്, ഡയറക്ടർ (സേഫ്റ്റി) പ്രവീൺ കമ്മനാട്ടയ, ഡയറക്ടർ (യൂത്ത് ഫോറം) ജോഹന്ന ജോൺസൺ എന്നിവരാണ്.അമേരിക്കയിലെ മലയാളി സമൂഹത്തിന് സൗഹൃദവും സ്നേഹവും പങ്കിടാൻ അവസരമൊരുക്കിയ ഗ്രാമോത്സവം 2026, പങ്കെടുത്ത ഏവർക്കും അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിച്ചാണ് സമാപിച്ചത്.



