ഹോർമോസ് കടലിടുക്ക് വീണ്ടും അടച്ചിട്ട് ഇറാൻ. അമേരിക്കയുടെ ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് നടപടി എന്ന് അറിയിച്ചു. ഹോർമൂസിന്റെ നിയന്ത്രണം ഇപ്പോൾ പൂർണ്ണമായും തങ്ങൾക്കാണെന്നും ഇറാൻ അറിയിച്ചു. കടലിടുക്ക് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായും വ്യക്തമാക്കി.
അതേസമയം നിയന്ത്രണം നിലനിൽക്കെ ഹോർമൂസ് കടക്കാൻ ശ്രമിച്ച ചില കപ്പലുകൾക്ക് നേരെ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ട്. ലബനന്‍ വെടിനിര്‍ത്തലിന് പിന്നാലെ ഇന്നലെ വൈകിട്ടാണ് ഹോര്‍മുസ് തുറക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചത്. പിന്നാലെ വെള്ളിയാഴ്ച വീണ്ടും കടലിലേക്ക് തുറക്കുമെന്നും റിപ്പോർട്ട് എത്തിയിരുന്നു.
അതിനിടെ ഇറാനെതിരെയുള്ള സൈനിക നീക്കം അവസാനിപ്പിക്കുന്നതിന് വേണ്ടി ബുധനാഴ്ച ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയം യുഎസ് സെനറ്റ് വീണ്ടും തള്ളിയതായി റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള നാലാമത്തെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. 47 പേരു മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത് എന്നാൽ 52 പേർ പ്രമേയത്തെ എതിർക്കുകയായിരുന്നു. ഭൂരിഭാഗം റിപ്പബ്ലിക് അംഗങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചു.
എന്നാൽ ആണവ പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമാകാത്തപക്ഷം ഉപരോധം തുടരുമെന്ന് അമേരിക്കയുടെ നിലപാടിനെ തുടർന്നാണ് ഇറാൻ വീണ്ടും ഹോർമൂസ് അടച്ചിട്ടത്. കൂടാതെ ബുധനാഴ്ചക്കുള്ളിൽ വിഷയത്തിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ ഇറാന് നേരെ വീണ്ടും ആക്രമണം ഉണ്ടാകുമെന്നും ട്രംപ് അറിയിപ്പ് നൽകിയിട്ടുണ്ട്.



