മേയർ പദവിയിൽ 100 ദിവസം പൂർത്തിയാക്കിയ വേളയിൽ പുതിയ പദ്ധതികളുമായി സോഹ്റാൻ മംദാനി. റേഷൻ കട അതായത് പലചരക്ക് കട ആരംഭിക്കുന്നതായാണ് പ്രഖ്യാപനം. അതിൽ ആദ്യത്തേത് ന്യൂയോർക്കിലാണ്. എന്നാൽ പ്രഖ്യാപനം മുതൽ തന്നെ വിമർശനങ്ങളും ആശങ്കകളും ഉയർന്നുവരികയാണ്.
പ്രധാനമായും ഈ പദ്ധതിയുടെ പ്രായോഗികതയും പ്രാദേശിക വിപണികളിൽ ഇത് എപ്രകാരമുള്ള സാമ്പത്തിക ആഘാതമാണ് സൃഷ്ടിക്കുക എന്നതാണ് ആശങ്ക. അടുത്ത രണ്ടു വർഷത്തിനുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കും എന്നാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ആദ്യത്തേത് കിഴക്കൻ ഹാർലെമിലെ ലാ മാർക്വെറ്റയിലാണെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം മറ്റ് അഞ്ച് സ്ഥലങ്ങളെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.2027 അവസാനത്തോടെ ആദ്യത്തെ സ്റ്റോർ തുറക്കുമെന്നും തന്റെ ആദ്യ ടേമിന്റെ അവസാനത്തോടെ അഞ്ച് സ്റ്റോറുകളും പ്രാബല്യത്തിൽ എത്തുമെന്നും മംദാനി അറിയിച്ചു.



