സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ കഴിവുകൾ പരിഗണിച്ചാണ് വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് നടൻ ആസിഫ് അലി. അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഒരു സർക്കാരാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രമേശ് പിഷാരടിയുടെ കഴിവിൽ തനിക്ക് വിശ്വാസമുണ്ടെന്നും, അദ്ദേഹം ആവശ്യപ്പെടുകയാണെങ്കിൽ പാലക്കാട് പ്രചാരണത്തിന് എത്തുമെന്നും ആസിഫ് അലി പറഞ്ഞു. രാഷ്ട്രീയക്കാരൻ എന്ന നിലയിലുള്ള പിഷാരടിയുടെ പ്രകടനം കാത്തിരുന്ന് കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താൻ പാലക്കാട് മത്സരരംഗത്തിറങ്ങുന്നതെന്ന് രമേശ് പിഷാരടി പ്രതികരിച്ചു. വിജയിച്ചാൽ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും, ആരെയും നിർബന്ധിച്ച് തന്റെ പ്രചാരണത്തിന് ഇറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടുകാർക്ക് തന്നെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മണ്ഡലത്തിൽ ചെയ്ത നല്ല കാര്യങ്ങൾ താൻ തുടരുമെന്നും പിഷാരടി വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസുകൾ കോടതിയുടെ പരിഗണനയിലാണെന്നും അത് അപ്പോൾ കാണാമെന്നും വിവാദങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.



