തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ സിനിമാ താരം സുധീർ കരമനയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ ധാരണയായി. സിപിഐഎം മുൻകൈയെടുത്ത് നടത്തുന്ന ഈ നീക്കത്തിന് സുധീർ കരമന സമ്മതം മൂളിയതായാണ് വിവരം. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ജനാധിപത്യ കേരള കോൺഗ്രസ് മത്സരിക്കേണ്ട ഈ സീറ്റിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ വൈകുന്നതിൽ സിപിഐഎമ്മിന് അതൃപ്തിയുണ്ടായിരുന്നു. നേരത്തെ വി. സുരേന്ദ്രൻ പിള്ളയെ പരിഗണിച്ചിരുന്നെങ്കിലും ജനാധിപത്യ കേരള കോൺഗ്രസ് അതിനോട് യോജിച്ചിരുന്നില്ല. ആന്റണി രാജുവിന് മത്സരിക്കാൻ അയോഗ്യത കൽപ്പിക്കപ്പെട്ടതോടെയാണ് ഇവിടെ സ്ഥാനാർത്ഥി നിർണ്ണയം അനിശ്ചിതത്വത്തിലായത്.
അതേസമയം, തിരുവനന്തപുരം സെൻട്രൽ സീറ്റിൽ എൻഡിഎ സ്ഥാനാർത്ഥിയാകാനില്ലെന്ന് വി. സുരേന്ദ്രൻ പിള്ള വ്യക്തമാക്കിയതോടെ ബിജെപി കരമന ജയനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ആർജെഡിയിൽ അസംതൃപ്തനായിരുന്ന സുരേന്ദ്രൻ പിള്ളയെ എൻഡിഎ ഘടകകക്ഷിയായി മത്സരിപ്പിക്കാനായിരുന്നു ബിജെപി നീക്കം. എന്നാൽ താമര ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്ന ബിജെപിയുടെ കർശന ഉപാധി അംഗീകരിക്കാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് അദ്ദേഹം പിന്മാറിയത്.



