ശബരിമല പടിപൂജയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഒഴിവാക്കുന്നതിനായി ഹൈക്കോടതി നിർണ്ണായക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അനുവദനീയമായ ദിവസങ്ങളിൽ ഒന്നിലധികം പടിപൂജ നടത്താനാകുമോ എന്ന കാര്യത്തിൽ തന്ത്രിയുമായി ആലോചിച്ച് വ്യക്തത വരുത്താൻ ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. 2040 സെപ്റ്റംബർ വരെയുള്ള പടിപൂജ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടൽ. ബുക്കിംഗ് കൈമാറുന്നതിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിനെത്തുടർന്ന് സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.
നിലവിൽ പടിപൂജ ബുക്കിംഗിൽ ക്രമക്കേടുകൾ നടന്നതായി കോടതി കണ്ടെത്തിയിട്ടില്ല. ഈ വർഷം മാർച്ച് മുതൽ 2040 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം 207 ദിവസങ്ങൾ പടിപൂജയ്ക്കായി ഒഴിവുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരെ മുൻഗണനാ ക്രമത്തിൽ ഈ ഒഴിവുള്ള ദിവസങ്ങളിലേക്ക് പരിഗണിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കണം. ഇതിനായി ഒഴിവുള്ള ദിവസങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ബുക്ക് ചെയ്യുന്നവരുടെ വിവരങ്ങളും നോമിനികളെയും കൃത്യമായി രേഖപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു.
ബില്ലടയ്ക്കാതെ ബുക്കിംഗ് ഉറപ്പിക്കരുത്. പടിപൂജയ്ക്ക് പുറമെ ഉദയാസ്തമയപൂജ, ഉത്സവബലി, കളഭാഭിഷേകം, സഹസ്രകലശം എന്നിവയുടെ ഒഴിവുകളും വെബ്സൈറ്റിൽ ലഭ്യമാക്കണം. ബുക്ക് ചെയ്ത പൂജകൾ മറ്റൊരാൾക്ക് മറിച്ച് നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ കൃത്യമായ വിജിലൻസ് പരിശോധന വേണമെന്നും കോടതി വ്യക്തമാക്കി.



