ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിൽ ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തിയാണ് ഇന്ത്യയുടെ സന്ദേശം കൈമാറിയത്. യുഎസ് പിന്തുണയോടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ശനിയാഴ്ചയാണ് ഖമനേയി കൊല്ലപ്പെട്ടത്. മധ്യേഷ്യയിലെ നിലവിലെ അസ്ഥിരതയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖമനേയിയുടെ മരണത്തിൽ ഇന്ത്യ അനുശോചനം അറിയിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ശനിയാഴ്ച രാത്രി ട്രൂത്ത് സോഷ്യലിലൂടെ ഖമനേയി കൊല്ലപ്പെട്ട വിവരം ആദ്യം പുറത്തുവിട്ടത്. ഇറാനിലെ ജനങ്ങൾക്ക് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വലിയ അവസരമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അതേസമയം, വിക്രം മിസ്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇറാൻ അംബാസഡർ ഫതാലി അമേരിക്കയ്ക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ശ്രീലങ്കയ്ക്ക് സമീപം ഇറാനിയൻ കപ്പലിന് നേരെ യുഎസ് ആക്രമണം നടത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിക്കുകയും ഇതിൽ അമേരിക്ക ഖേദിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.



