വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീക്കിനോട് നടൻ മമ്മൂട്ടി നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. "നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ ഒപ്പം നടക്കുന്നത്, ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കില്ലേ" എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് മമ്മൂട്ടി ചോദിച്ചതാണ് വിവാദമായത്. ഈ പെരുമാറ്റത്തിൽ അമർഷം രേഖപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയത്.
മമ്മൂട്ടി വലിയ നടനായിരിക്കാം, പക്ഷേ ഇത്തരമൊരു പെരുമാറ്റം ലവലേശം മര്യാദയില്ലാത്തതാണെന്നും സഖാവ് റഫീക്കിനോട് സംസാരിച്ച രീതി അംഗീകരിക്കാനാവില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം പ്രതികരിക്കുന്നത്. ആരാധനാപാത്രമായ ഒരു നടൻ സ്വന്തം പാർട്ടിയുടെ ജില്ലാ സെക്രട്ടറിയെ അപമാനിക്കുന്നത് വേദനിപ്പിക്കുന്ന കാഴ്ചയാണെന്നും, അവിടെ നിൽക്കാൻ മമ്മൂട്ടിയേക്കാൾ യോഗ്യത ആ ചെറുപ്പക്കാരനുണ്ടെന്നും ആരാധകരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെയുള്ളവർ കമന്റുകളിലൂടെ രോഷം പ്രകടിപ്പിക്കുന്നുണ്ട്.



