വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പി.വി. അൻവർ മത്സരിക്കും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ ഇത്തവണത്തെ യുഡിഎഫിന്റെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനമായി ഇത് മാറി. അൻവറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയെ നേരത്തെ തന്നെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു. സ്ഥാനാർത്ഥിത്വം ഉറപ്പായതോടെ അൻവർ മണ്ഡലത്തിൽ സജീവമായി പ്രചാരണം ആരംഭിക്കുകയും ഫ്ലക്സുകളും ബോർഡുകളും ഉയരുകയും ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാലിയം ഹാർബർ സന്ദർശിച്ച അൻവർ, സിറ്റിങ് എംഎൽഎയും മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. മരുമകൻ എന്ന പദവിയുടെ ലഹരിയിലാണ് മന്ത്രിയെന്നും വികസനം ജനങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ജാഥകളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ വികസന ജാഥകൾ വെറും തട്ടിപ്പാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് തിരിച്ചടിയായി രാഷ്ട്രീയ 'സുനാമി' ഉണ്ടാകുമെന്നും അൻവർ കൂട്ടിച്ചേർത്തു.



