തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചെങ്കിലും ആന്റണി രാജുവിന്റെ എംഎൽഎ സ്ഥാനത്തിനുള്ള അയോഗ്യത തുടരും. ശിക്ഷ നടപ്പിലാക്കുന്നത് തടഞ്ഞുവെങ്കിലും താൻ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാത്തതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷയ്‌ക്കെതിരെ ആന്റണി രാജു നൽകിയ അപ്പീൽ പരിഗണിച്ചാണ് സെഷൻസ് കോടതിയുടെ ഈ നടപടി. കേസ് ഫെബ്രുവരി ആറിന് കോടതി വീണ്ടും പരിഗണിക്കും.
ലഹരിക്കേസിൽ പ്രതിയായ വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. മൂന്ന് വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ നിയമസഭാംഗത്വത്തിന് അയോഗ്യത കൽപ്പിക്കപ്പെടുകയായിരുന്നു. നിലവിൽ കോടതി ജാമ്യം അനുവദിച്ചതിനാൽ പ്രതികൾക്ക് ജയിലിൽ പോകേണ്ടി വന്നിട്ടില്ല. എന്നാൽ കുറ്റക്കാരനാണെന്ന വിധി മേൽക്കോടതി പൂർണ്ണമായി സ്റ്റേ ചെയ്താൽ മാത്രമേ അദ്ദേഹത്തിന്റെ അയോഗ്യത നീങ്ങുകയുള്ളൂ. ശിക്ഷാകാലാവധി കഴിഞ്ഞാലും ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും നിലവിൽ തടസ്സമുണ്ട്.



