ആലപ്പുഴ: നടൻ മോഹൻലാൽ അവതാരകനായ പ്രമുഖ ടിവി ഷോ പരിപാടിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം എം.എൽ.എ യു. പ്രതിഭ. മോഹൻലാൽ അവതരിപ്പിക്കുന്നത് ഒരു ഒളിഞ്ഞുനോട്ട പരിപാടി'യാണെന്ന് അവർ ആരോപിച്ചു. മറ്റുള്ളവർ ഇറുകിയ വസ്ത്രം ധരിച്ചോ, അവർ ഉറങ്ങിയോ എന്നൊക്കെ ഒളിഞ്ഞുനോക്കുന്നതാണ് ഈ പരിപാടിയെന്നും, ഒരു അനശ്വര നടനാണ് ഇതൊക്കെ ചെയ്യുന്നതെന്നും എം.എൽ.എ കുറ്റപ്പെടുത്തി.
ചില വിവാദപരമായ പരാമർശങ്ങളും യു. പ്രതിഭ നടത്തി. ഉദ്ഘാടനങ്ങൾക്ക് നാട്ടിൽ ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെയാണ് ആവശ്യമെന്നും, അത്തരമൊരു താരം വന്നാൽ ആളുകൾ അങ്ങോട്ട് ഇടിച്ചുകയറുകയാണെന്നും അവർ പറഞ്ഞു. കായംകുളത്ത് കഴിഞ്ഞ ദിവസം നടന്ന സാംസ്കാരിക പരിപാടിക്കിടെയായിരുന്നു എം.എൽ.എയുടെ ഈ പ്രതികരണങ്ങൾ.
അവരോട് തുണിയുടുത്ത് വരാൻ ആവശ്യപ്പെടണമെന്ന് വ്യക്തമാക്കിയ പ്രതിഭ, ഇനി ഇത് സദാചാരം ആണെന്ന് പറഞ്ഞ് ആരും തന്റെ നേരെ വരേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. മാന്യമായ രീതിയിൽ വസ്ത്രം ധരിക്കുകയാണ് വേണ്ടത്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നതെന്നും അവർ ഓർമ്മിപ്പിച്ചു. ജനാധിപത്യത്തിൽ വരേണ്ടത് താര രാജാക്കന്മാർ അല്ല, മറിച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പച്ച മനുഷ്യരാണെന്നും, അത് ധൈര്യത്തോടെ പറയാൻ നമ്മൾ തയ്യാറാവണമെന്നും യു. പ്രതിഭ പ്രസംഗത്തിൽ പറഞ്ഞു.



