നേപ്പാളിനെ ഉഴുതുമറിച്ച് ജെൻ സികളുടെ പ്രതിഷേധം. ഒടുവിൽ സർക്കാറും പ്രതിഷേധക്കാർക്കു മുന്നിൽ മുട്ടുകുത്തിയിരിക്കുകയാണ്. പ്രസിഡന്റ് രാം ചന്ദ്ര പൗഡലും പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയും ചൊവ്വാഴ്ച രാജിവച്ചു. രാജ്യത്തിന്റെ നിയന്ത്രണം നേപ്പാൾ സൈന്യം ഏറ്റെടുക്കാൻ സാധ്യതയുണ്ട്. കരസേനാ മേധാവി അശോക് രാജ് സിഗ്ഡൽ ഉടൻ തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യും.
തിങ്കളാഴ്ച നടന്ന പ്രക്ഷോഭങ്ങളിൽ 19 പേർ കൊല്ലപ്പെടുകയും 300-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ, നൂറുകണക്കിന് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഓഫീസ് ആക്രമിക്കുകയും നിരവധി രാഷ്ട്രീയ നേതാക്കളുടെ വസതികൾ നശിപ്പിക്കുകയും ചെയ്തു. സുപ്രീം കോടതിയുടെയും പാർലമെന്റിന്റെയും കെട്ടിടങ്ങൾക്കും തീയിട്ടു.
'ജനറൽ ഇസഡ്' എന്ന ബാനറിന് കീഴിൽ തലസ്ഥാനമായ കാഠ്മണ്ഡുവിലെ പല ഭാഗങ്ങളിലും പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ മുഴക്കി. "കെപി കള്ളൻ, രാജ്യം വിടുക", "അഴിമതിക്കാരായ നേതാക്കൾക്കെതിരെ നടപടിയെടുക്കുക" തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവർ ഉയർത്തിയത്. ബാൽവാട്ടറിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്ന ഒലിയുടെ ഭക്തപൂരിലെ വസതിക്ക് പ്രക്ഷോഭകർ തീയിട്ടു.
അനുമതിയില്ലാത്ത 26 സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നേപ്പാൾ സർക്കാർ നിരോധനമേർപ്പെടുത്തിയതിനെ തുടർന്നാണ് നേപ്പാളിൽ വ്യാപക പ്രതിഷേധം ഉയർന്നത്. ഫേസ്ബുക്ക്, യൂട്യൂബ്, എക്സ് തുടങ്ങിയ പ്രമുഖ സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള സർക്കാർ നീക്കവും പ്രതിഷേധത്തിന് കാരണമായി. വെള്ളിയാഴ്ചയാണ് സർക്കാർ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ആശയവിനിമയം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്കായി സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്ന യുവതലമുറ ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയർത്തിയത്.
അതിനിടെ പ്രക്ഷോഭത്തിന് മുന്നിൽ വഴങ്ങി നേപ്പാൾ സർക്കാർ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന സമൂഹമാധ്യമങ്ങളുടെ നിരോധനം പിൻവലിച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഈ തീരുമാനം. അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം സർക്കാർ നിരോധനം പിൻവലിച്ചതായി നേപ്പാൾ വാർത്താവിനിമയ മന്ത്രി പൃഥ്വി സുബ്ബ ഗുരുങ്ങിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



