D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഒൻപതു വർഷത്തെ പ്രണയം; ആളും ആര​വ​വും ഇല്ലാതെ ഗ്രേ​സ് ആ​ന്‍റ​ണി വിവാഹിതയായി
അധികം ആഡംബരങ്ങളില്ലാതെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം

കൊച്ചി: മലയാള സിനിമയിലെ യുവനടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. ഒൻപത് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ജീവിതത്തിൽ ഒന്നിച്ചത്. അധികം ആഡംബരങ്ങളില്ലാതെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

വിവാഹവാർത്ത ഗ്രേസ് ആന്റണി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. "ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി" എന്ന കുറിപ്പോടെ വിവാഹ ചിത്രം പങ്കുവച്ചാണ് നടി ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. താലിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് 'ജസ്റ്റ് മാരീഡ്' എന്ന ഹാഷ്ടാഗും അവർ ചേർത്തിരുന്നു.

തൃപ്പൂണിത്തുറ തുതിയൂർ പള്ളിയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഗ്രേസ് ആന്റണിക്കും എബി ടോം സിറിയക്കിനും ആശംസകളുമായി സിനിമാരംഗത്തെ സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തി.

2016-ൽ 'ഹാപ്പി വെഡ്ഡിംഗ്' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഗ്രേസ് ആന്റണി, പിന്നീട് 'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമയിലെ പ്രകടനം വഴി പ്രേക്ഷകപ്രീതി നേടി. 'റോഷാക്ക്', 'അപ്പൻ', 'നുണക്കുഴി' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെയും അന്താരാഷ്ട്ര സീരീസുകളിലെയും ഗ്രേസിന്റെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.

സംഗീത സംവിധായകൻ, അറേഞ്ചർ, മ്യൂസിക് പ്രൊഡ്യൂസർ എന്നീ നിലകളിൽ പ്രശസ്തനാണ് എബി ടോം സിറിയക്. 2016-ൽ പുറത്തിറങ്ങിയ 'പാവാട' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഉൾപ്പെടെ 300-ൽ അധികം സിനിമകളിലും നെറ്റ്ഫ്ലിക്സ് സീരീസുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *