ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്ഥാൻ.പാകിസ്താൻ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ച നോട്ടാം പ്രകാരം മെയ് 24-ന് ഇന്ത്യൻ സമയം പുലർച്ചെ 05:30 വരെ ഈ നിരോധനം നിലനിൽക്കുമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി നൽകിയ നോട്ടീസ് പ്രകാരം ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതോ ഇന്ത്യൻ വിമാന കമ്പനികൾ പ്രവർത്തിക്കുന്നതുമായ യാതൊരു വിമാനങ്ങൾക്കും പാക്കിസ്ഥാൻ വ്യോമപാത ഉപയോഗിക്കാൻ സാധിക്കില്ല. സൈനിക വിമാനങ്ങൾക്കും ഇന്ത്യയിൽ നിന്നുള്ള വിമാനക്കമ്പനികൾ പാട്ടത്തിനെടുത്ത വിമാനങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.അതേസമയം പാക്കിസ്ഥാനെതിരെ ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് 24ന് പുലർച്ചെ അഞ്ചരയോടെ അവസാനിക്കും.
കഴിഞ്ഞവർഷം കാശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും വ്യോമപാതകൾ അടച്ചിട്ടത്. ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. 2025 ഏപ്രിൽ 24ന് പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയപ്പോൾ ഏപ്രിൽ 30 മുതൽ പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമ പാത ഉപയോഗിക്കുന്നതിന് ഇന്ത്യയും നിരോധനം ഏർപ്പെടുത്തി.



