ബീജിംഗിൽ നടന്ന ഹാഫ് മാരത്തണിൽ മനുഷ്യരായ കായികതാരങ്ങളെ പിന്തള്ളി ലോക റെക്കോർഡ് തകർത്ത് ഹ്യുമനോയിഡ് റോബോട്ട്. ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹോണറിന് വേണ്ടി മത്സരിച്ച റോബോട്ട് 21 കിലോമീറ്റർ ദൂരം വെറും 50 മിനിറ്റും 26 സെക്കന്റും കൊണ്ട് ഓടി തീർത്താണ് ചരിത്രത്തിൽ ഇടം നേടിയത്. ഇതോടെ ഉഗാണ്ടൻ താരം ജേക്കബ് കിപ്ലിമോയുടെ പേരിലുള്ള 57 മിനിറ്റ് 20 സെക്കൻഡ് എന്ന നിലവിലെ ലോക റെക്കോർഡ് ആണ് തിരുത്തി കുറിച്ചത്.
മണിക്കൂറിൽ ശരാശരി 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച റോബോട്ട് സ്വയംഭരണ നാവിഗേഷൻ സംവിധാനത്തിന്റെ കരുത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞവർഷം ഇതേ മത്സരത്തിൽ പങ്കെടുത്ത റോബോട്ടുകൾ രണ്ടുമണിക്കൂറിൽ അധികം സമയം എടുത്ത സ്ഥാനത്താണ് ഈ അമ്പരപ്പിക്കുന്ന നേട്ടം കൈവരിച്ചത്. നൂറിലധികം റോബോട്ടുകൾ പങ്കെടുത്ത ഈ മത്സരത്തിൽ സുരക്ഷ മുൻനിർത്തി മനുഷ്യർക്കും യന്ത്രങ്ങൾക്കും പ്രത്യേകം പാതകളാണ് ഒരുക്കിയിരുന്നത്. സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ച കാണികളിൽ അത്ഭുതത്തോടൊപ്പം പല ആശങ്കകളും ഉയർത്തുന്നുണ്ട്. തൊഴിൽ സുരക്ഷ സംബന്ധിച്ചാണ് ആശങ്ക പങ്കുവെക്കുന്നത്.



