വനിതാദിനത്തിൽ സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളിൽ നിന്ന് തന്നെ രൂക്ഷവിമർശനം ഏറ്റുവാങ്ങുകയാണ് നടൻ വിജയ്. കഴിഞ്ഞ ദിവസം പാർട്ടിയുടെ സംസ്ഥാന ജോയിന്റ് കോർഡിനേറ്റർ ആർ.എസ്. ഇന്ദിര ധൻരാജ്, വിജയിയെ വേദിയിലിരുത്തിക്കൊണ്ട് സ്ത്രീകളെ ബഹുമാനിക്കാത്ത പുരുഷന്മാരെ താഴെയിറക്കണമെന്ന് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നേതാവായ രഞ്ജന നാച്ചിയാർ വിജയിക്കെതിരെ കടുത്ത ഭാഷയിൽ രംഗത്തെത്തിയത്. മാമല്ലപുരത്ത് നടന്ന വനിതാദിന ചടങ്ങിലായിരുന്നു വിജയിയുടെ കുടുംബജീവിതത്തെയും രാഷ്ട്രീയ നിലപാടുകളെയും ചോദ്യം ചെയ്തുകൊണ്ടുള്ള രഞ്ജനയുടെ പ്രസംഗം.
രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപ് വിജയ് നല്ലൊരു അച്ഛനും ഭർത്താവുമായി മാറണമായിരുന്നു എന്ന് രഞ്ജന തുറന്നടിച്ചു. ഭാര്യ സംഗീതയുമായുള്ള പ്രശ്നങ്ങൾ നിസ്സാരമാണെന്ന വിജയിയുടെ നിലപാടിനെ അവർ പരിഹസിച്ചു. സ്വന്തം ഭാര്യയെ വീട്ടിൽ കയറ്റാൻ അനുവദിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയ അവർ, ദാമ്പത്യത്തിലെ വിള്ളലുകൾ എങ്ങനെയാണ് നിസ്സാരമായി കാണാൻ കഴിയുന്നതെന്ന് ചോദിച്ചു. സ്ത്രീപുരോഗതിയെക്കുറിച്ച് സംസാരിക്കുമ്പോഴും സ്ത്രീകളെ ബഹുമാനിക്കുന്ന രീതിയിലുള്ള വാക്കുകൾ വിജയിയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ വിജയ് മറ്റൊരു നടിക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് ആരാധകർക്ക് തെറ്റായ മാതൃകയാണ് നൽകുന്നതെന്നും രഞ്ജന നാച്ചിയാർ വിമർശിച്ചു. നിങ്ങളുടെ ആരാധകർ നിങ്ങളെ മാതൃകയാക്കുന്നവരാണെന്നും, നേതാവ് എങ്ങനെയാണോ അങ്ങനെയാകും അനുയായികളെന്നും അവർ ഓർമ്മിപ്പിച്ചു. തമിഴക വെട്രി കഴകത്തിന്റെ വേദിയിൽ തന്നെ നേതാവിനെതിരെ വനിതാ നേതാക്കൾ ഒന്നടങ്കം രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.



