കൊച്ചി: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ രംഗത്തെത്തിയതായി റിപ്പോർട്ട്. മന്ത്രിയെ അപകീർത്തികരമായ സാഹചര്യത്തിൽ കണ്ടുവെന്നും, ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയപ്പോൾ മന്ത്രിയുടെ സഹായികൾ തന്നെ തടഞ്ഞുവെച്ച് ഫോൺ കൈക്കലാക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം. സംഭവസ്ഥലത്തെത്തിയ പോലീസ് വിഷയത്തിൽ ഇടപെടാതെ മാറിനിന്നതായും പരാതിയുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. മുന്നറിയിപ്പില്ലാതെ വാളകത്തെ കുടുംബവീട്ടിലെത്തിയ ഭാര്യ, മന്ത്രിയെ അനഭിലഷണീയമായ സാഹചര്യത്തിൽ കാണുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയായ ഇവർ, ഉടൻതന്നെ ശ്രീലേഖയെ വിളിച്ച് വിവരം അറിയിച്ചു. സുരക്ഷയ്ക്കായി 112 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടാനാണ് ശ്രീലേഖ ഉപദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ബന്ധപ്പെടുകയും താൻ മന്ത്രിയുടെ ഭാര്യയാണെന്നും നേരിടുന്ന ഭീഷണിയെക്കുറിച്ചും അറിയിച്ചു. എന്നാൽ സ്ഥലത്തെത്തിയ പോലീസ് നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് ആരോപണമുണ്ട്.
വീടിനുള്ളിൽ തിരികെക്കയറിയ ഇവർ വീണ്ടും ഫോട്ടോകൾ എടുക്കാൻ ശ്രമിച്ചപ്പോൾ, സഹായികളായ പ്രദീപിനോടും ശാന്തനോടും മൊബൈൽ പിടിച്ചുവാങ്ങാൻ മന്ത്രി നിർദ്ദേശിച്ചതായും പറയപ്പെടുന്നു. മുറിയിൽ പൂട്ടിയിട്ട് മൊബൈലിനായി ബലപ്രയോഗം നടത്തിയെങ്കിലും അവർ വഴങ്ങിയില്ല. സഹായത്തിനായി ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് പുറത്തിറങ്ങിയെങ്കിലും പോലീസ് സംഘത്തെ അവിടെ കണ്ടില്ലെന്നും തുടർന്ന് ടാക്സി കാറിൽ മടങ്ങുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ വാർത്ത ഗണേഷ് കുമാറിന്റെ ഭാര്യ ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.



