തമിഴിലെ പ്രശസ്ത നിർമാതാവും എജിഎസ് എന്റർടെയ്ൻമെന്റ് ഉടമയുമായ കലൈപതി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിൽ നടൻ വിജയ്യും തൃഷയും ഒന്നിച്ചെത്തിയത് സിനിമാലോകത്ത് വലിയ ചർച്ചയാകുന്നു. വ്യാഴാഴ്ച വൈകീട്ട് ചെന്നൈയിൽ നടന്ന ചടങ്ങിൽ ഒരേ കാറിലാണ് ഇരുവർക്കുമെത്തിയത്. സ്വർണ്ണനിറമുള്ള സിൽക്ക് ഷർട്ടും മുണ്ടും ധരിച്ച് വിജയ് എത്തിയപ്പോൾ, ചുവപ്പ് ബോർഡറുള്ള സിൽക്ക് സാരിയും സ്ലീവ്ലെസ് ബ്ലൗസുമായിരുന്നു തൃഷയുടെ വേഷം. നവദമ്പതികൾക്കൊപ്പം ഫോട്ടോയെടുത്ത ശേഷം ഇരുവരും ഒരുമിച്ചുതന്നെയാണ് മടങ്ങുകയും ചെയ്തത്.
വിജയ്യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം വിവാഹമോചന ഹർജി നൽകിയെന്ന വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്നും അത് അവസാനിപ്പിക്കാമെന്ന വാക്ക് ലംഘിച്ചെന്നും സംഗീത ഹർജിയിൽ ആരോപിച്ചിരുന്നു. ഈ വിവാദങ്ങൾക്കിടയിലാണ് തൃഷയ്ക്കൊപ്പം വിജയ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. 'ഗില്ലി' മുതൽ 'ലിയോ' വരെ നീളുന്ന നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ളവരാണ് ഇരുവരും. വിജയ് നായകനായ 'ബിഗിൽ', 'ഗോട്ട്' എന്നീ ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ് കലൈപതി എസ്. സുരേഷ്.



