D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
യുഎസ് നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന വാർത്ത തള്ളി വിദേശകാര്യ മന്ത്രാലയം
പേർഷ്യൻ ഗൾഫിലെ ഇറാന്റെ സ്വാധീനം കുറയ്ക്കാൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ സഖ്യത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നായിരുന്നു ചാനലിന്റെ റിപ്പോർട്ട്...

ഇറാനെതിരായ ആക്രമണങ്ങൾക്കായി അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നു എന്ന പ്രചാരണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി തള്ളി. വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് ഹാൻഡിൽ വഴി പുറത്തുവിട്ട പ്രസ്താവനയിൽ ഇത്തരം അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

യുഎസ് ടെലിവിഷൻ നെറ്റ്‌വർക്കായ വൺ അമേരിക്ക ന്യൂസ് (OAN) ആണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇത്തരമൊരു വാർത്ത ആദ്യം പുറത്തുവിട്ടത്. പേർഷ്യൻ ഗൾഫിലെ ഇറാന്റെ സ്വാധീനം കുറയ്ക്കാൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ സഖ്യത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നായിരുന്നു ചാനലിന്റെ റിപ്പോർട്ട്. എന്നാൽ ഇത് കെട്ടിച്ചമച്ച കഥയാണെന്നും ഇത്തരം വ്യാജ വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ എക്സ് (X), ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വാർത്ത അതിവേഗം പ്രചരിച്ചതോടെയാണ് സർക്കാർ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയത്. ഗൾഫ് മേഖലയിലുള്ള ഒരു കോടിയോളം വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് രാജ്യം പ്രഥമ പരിഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരി 28-ന് ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ ഔദ്യോഗിക പ്രതികരണം വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *