വാഷിംഗ്ടൺ: ഇറാനെതിരായ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്താൻ ഡെമോക്രാറ്റുകൾ നീക്കം നടത്തിയെങ്കിലും സെനറ്റിൽ ആ പ്രമേയം പരാജയപ്പെട്ടു. 47-നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തിൽ ട്രംപിന് കൂടുതൽ രാഷ്ട്രീയ കരുത്ത് ലഭിച്ചിരിക്കുകയാണ്.
യുദ്ധം പ്രഖ്യാപിക്കാനുള്ള കോൺഗ്രസിന്റെ അധികാരം ട്രംപ് അവഗണിക്കുകയാണെന്ന് ഡെമോക്രാറ്റിക് സെനറ്റർ ടിം കെയിൻ ആരോപിച്ചപ്പോൾ, ഭരണഘടനാപരമായ അധികാരമാണ് പ്രസിഡന്റ് വിനിയോഗിച്ചതെന്ന് റിപ്പബ്ലിക്കൻ സെനറ്റർമാർ വാദിച്ചു. വോട്ടെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ റാൻഡ് പോൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ, ഡെമോക്രാറ്റിക് പക്ഷത്തെ ജോൺ ഫെറ്റർമാൻ കൂറുമാറി ട്രംപിന് അനുകൂലമായി വോട്ട് ചെയ്തത് ശ്രദ്ധേയമായി.
ഇറാൻ വിഷയത്തിൽ അമേരിക്കൻ ജനത രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്ന് ഫോക്സ് ന്യൂസ് സർവ്വേ വ്യക്തമാക്കുന്നു. 50 ശതമാനം പേർ സൈനിക നടപടിയെ അനുകൂലിക്കുമ്പോൾ തുല്യമായ ശതമാനം പേർ ഇതിനെ എതിർക്കുന്നുണ്ട്. എങ്കിലും 61 ശതമാനം പേരും ഇറാനെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായാണ് കാണുന്നത്. ഫെബ്രുവരി 28-ന് ആയത്തുള്ള ഖമേനിയുടെ വധത്തോടെ ആരംഭിച്ച യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിന് തിരിച്ചടിയായി ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ഇസ്രായേൽ കേന്ദ്രങ്ങൾക്കും നേരെ ഇറാൻ മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്.



