D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കുവൈത്തിൽ മിസൈൽ അവശിഷ്ടം ജനവാസമേഖലയിൽ പതിച്ച് 11 കാരി മരിച്ചു
ഇതിനിടെ ദുബായിലെ യുഎസ് കോൺസുലേറ്റിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണശ്രമം പരാജയപ്പെടുത്തിയതായി ദുബായ് അധികൃതർ അറിയിച്ചു.

ഇറാന്റെ ആക്രമണത്തിൽ കുവൈറ്റിൽ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചു. ജനവാസമേഖലയിൽ മിസൈൽ അവശിഷ്ടം പതിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടത് ഏത് രാജ്യക്കാരിയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ലെങ്കിലും, കുട്ടിയുടെ കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ദുബായിലെ യുഎസ് കോൺസുലേറ്റിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണശ്രമം പരാജയപ്പെടുത്തിയതായി ദുബായ് അധികൃതർ അറിയിച്ചു.

ആക്രമണശ്രമത്തെത്തുടർന്നുണ്ടായ ചെറിയ തീപിടുത്തം ഉടൻ തന്നെ നിയന്ത്രണവിധേയമാക്കി. ഖത്തറിലെ യുഎസ് സൈനിക കേന്ദ്രമായ അൽ ഉദെയ്ദിലും മിസൈൽ ആക്രമണം ഉണ്ടായതായി സൂചനയുണ്ട്. എന്നാൽ ആക്രമണം തടഞ്ഞെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞദിവസം രാത്രി തെക്കൻ ലെബനനിലെ ഹിസ്‌ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ടിയർ ജില്ലയിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരെ മാറ്റുന്നതിനിടെയാണ് ഇവർക്ക് ജീവൻ നഷ്ടമായത്; ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാന്റെ ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ ആക്രമണത്തെ നേരിടാൻ സജ്ജമാണെന്നും, ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നു എന്ന ഇറാന്റെ വാദം കള്ളമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, ഇറാൻ സൈന്യത്തിനുവേണ്ടി പ്രവർത്തിച്ച രണ്ട് സംഘങ്ങളിലായി പത്തുപേരെ അറസ്റ്റ് ചെയ്തതായും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *