ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും വാദങ്ങൾ തള്ളി അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) മേധാവി റാഫേൽ ഗ്രോസി രംഗത്തെത്തി. ഇറാന്റെ ആണവായുധ പദ്ധതിക്ക് നിലവിൽ വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ടെന്നും സാധാരണയായി ആണവായുധങ്ങളുള്ള രാജ്യങ്ങൾ മാത്രമാണ് ഇത്രയും ഉയർന്ന അളവിൽ സമ്പുഷ്ടീകരണം നടത്താറുള്ളതെന്നും ഐ.എ.ഇ.എ ചൂണ്ടിക്കാട്ടി. യുറേനിയം സംഭരണം ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും ഇറാൻ ആണവായുധം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുവെന്ന നിഗമനത്തിൽ എത്താൻ കഴിയില്ലെന്ന് ഗ്രോസി പറഞ്ഞു.
അതേസമയം, പശ്ചിമേഷ്യയിൽ യുദ്ധം അതീവ ഗുരുതരമായി തുടരുകയാണ്. ഇറാനെതിരെ കടുത്ത നടപടികൾ വരാനിരിക്കുന്നെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയപ്പോൾ, പിശാചിനോടുള്ള പോരാട്ടം തുടരുമെന്ന നിലപാടിലാണ് ഇറാൻ. കഴിഞ്ഞ നാല് ദിവസത്തെ ആക്രമണങ്ങളിൽ 787 പേർ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് അറിയിച്ചു. ഹിസ്ബുള്ള-ഇസ്രായേൽ ഏറ്റുമുട്ടൽ രൂക്ഷമായ ലെബനനിൽ നിന്ന് ജനങ്ങൾ കൂട്ടമായി പലായനം ചെയ്യുകയാണ്. നാല് ദിവസത്തിനിടെ അഞ്ഞൂറിലേറെ സ്ഥലങ്ങളിലായി ആയിരത്തിലധികം ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



