തിരുവനന്തപുരം: കെ ടി ജലീൽ സിപിഐഎം അംഗത്വം സ്വീകരിച്ച് സജീവ പ്രവർത്തകൻ ആകാൻ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തെ വിവരം അറിയിച്ചതായി റിപ്പോർട്ട്.നാല് തവണ സ്വതന്ത്ര എംഎൽഎ ആയിരുന്നു ജലീൽ. ചുവപ്പിനെ പ്രണയിച്ച് പൊതുരംഗത്ത് ശക്തമായി തുടരുമെന്ന് നേരത്തെ കെടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ചെങ്കൊടി വിട്ട് തനിക്ക് ഇനിയൊരു രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഒന്നാം പിണറായി സർക്കാറിന്റെ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു കെടി ജലീൽ. എന്നാൽ ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു.മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടിവന്നത്. മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായിരിക്കെ പാർട്ടി നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് കെ ടി ജലീൽ ലീഗിൽ നിന്നും പുറത്തെത്തിയത്. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു. അന്ന് എൽഡിഎഫ് പിന്തുണയോടെയാണ് കെ ടി ജലീൽ വിജയിച്ചത്. 2011ലും 2021 ലും മത്സരിച്ചു വിജയിച്ചെങ്കിലും ഇത്തവണ തോൽക്കുകയായിരുന്നു.



