ഈഡി റേഡിൽ പ്രതിഷേധവുമായി മുൻമന്ത്രിയും എംഎൽഎയും ആയ പി എ മുഹമ്മദ് റിയാസ്. മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും കൂടാതെ കോഴിക്കോടുള്ള മുഹമ്മദ് റിയാസിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു.പരിശോധന സമയത്ത് താൻ ഇവിടെയില്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഏത് തരത്തിലും ഭീഷണി വന്നാലും തല പോയാലും നിന്ന് പോരാടുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇതൊന്നും കാണിച്ച് കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തുവാൻ നോക്കരുത്. കേന്ദ്രസർക്കാരും സംഘപരിവാറും കാണിക്കുന്ന തെറ്റായ നിലപാടുകളെ ഇനിയും തുറന്നു കാണിക്കും.ഇഡിയല്ല ആര് വന്നാലും മുന്നോട്ടുപോകും. രാഷ്ട്രീയ പ്രവർത്തനം ശക്തമായി മുന്നോട്ടുകൊണ്ടുപോകും. മറ്റ് വശങ്ങളിൽ പ്രതികരിക്കാനില്ലെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.
സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്.ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡ് എട്ടു മണിക്കൂറോളം നീണ്ടുനിന്നു. ബിജെപിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ അജണ്ടയാണ് റെയ്ഡിന് പിന്നിലെന്നാണ് സിപിഐഎം ആരോപിക്കുന്നത്.



