തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. സുരക്ഷാ കാരണങ്ങളും അദ്ദേഹത്തിന്റെ തിരക്കേറിയ ഔദ്യോഗിക മുൻഗണനകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് സൂചന. മുൻപ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയപ്പോഴുണ്ടായ അമിതമായ ജനത്തിരക്ക് വലിയ സുരക്ഷാ വെല്ലുവിളികൾ ഉയർത്തിയിരുന്നു. ഇത്തരത്തിലുള്ള ഒരു വലിയ ചടങ്ങിൽ വിജയ് കൂടി എത്തുകയാണെങ്കിൽ നിയന്ത്രണാതീതമായ തിരക്കുണ്ടാകുമെന്നും ചടങ്ങിന്റെ പ്രധാനശ്രദ്ധ തിരിയുമെന്നും അധികൃതർ വിലയിരുത്തുന്നു.സത്യപ്രതിജ്ഞാചടങ്ങിലേക്ക് അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കാറുണ്ട്.
അതേസമയം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെസ്സി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും. അതേസമയം സത്യപ്രതിജ്ഞ ചടങ്ങിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പാസുമായി എത്തുന്നവർക്ക് മാത്രമേ പ്രവേശനം ഉണ്ടാവു. നഗരത്തിൽ 18ന് ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിനുവേണ്ടി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്.



