തിരുവനന്തപുരം: നേമത്തെ കഴിഞ്ഞതവണ വി ശിവൻകുട്ടി പൂട്ടിച്ച അക്കൗണ്ട് വീണ്ടും തുറന്ന് ബിജെപി. ഒ രാജഗോപാലിന് പിന്നാലെ നേമത്തുനിന്നും രാജീവ് ചന്ദ്രശേഖർ നിയമസഭയിലേക്ക് വിജയിച്ചു. ബിജെപി മത്സരിക്കാൻ ഇറങ്ങിയപ്പോൾ പൂട്ടും താക്കോലും അവരുടെ കയ്യിൽ ആണെന്നാണ് യുഡിഎഫും എൽഡിഎഫും വെല്ലുവിളിച്ചിരുന്നത്. നേമത്തിലെയും ചാത്തന്നൂരിലെയും ജനങ്ങൾ അതിൽ ഇപ്പോൾ കൃത്യമായ മറുപടി നൽകിയിരിക്കുകയാണ്.
എൻഡിഎയുടെ രണ്ട് സ്ഥാനാർത്ഥികളെയാണ് ഇത്തവണ നിയമസഭയിലേക്ക് എത്തിച്ചിരിക്കുന്നത്. വിജയിച്ചതിനു പിന്നാലെ താൻ ഇനിമുതൽ നേമത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി മാറുമെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. 2025 മുതൽ താൻ പറഞ്ഞതാണ് എന്ത് കസർത്ത് നടത്തിയാലും സിപിഎം ഇത്തവണ ജയിക്കില്ല എന്ന്.കാരണം 10 വർഷം ഭരിച്ച സിപിഎമ്മിന്റെ അഴിമതിയും ശബരിമല കൊള്ളയും കണ്ട് ജനങ്ങൾക്ക് മടുത്തു. തങ്ങൾക്ക് അവസരം തന്നതിൽ സന്തോഷം എന്നും രാജീവ് ചന്ദ്രശേഖർ. ഇനിമുതൽ ജനങ്ങളുടെ എല്ലാ വിഷമങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ 24 മണിക്കൂറും താൻ പ്രവർത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.



