ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തിൽ വടകരയിൽ നിന്നും വമ്പൻ ഭൂരിപക്ഷത്തിൽ മുന്നേറി കെ കെ രമ. രമയ്ക്ക് മണ്ഡലത്തിൽ 8000ത്തിന് അടുത്ത് ഭൂരിപക്ഷമാണ് നേടാൻ ആയത്. വിജയത്തിളക്കത്തിൽ നിൽക്കുമ്പോൾ തന്റെ ഭർത്താവും സിപിഎം നേതാവുമായിരുന്ന ടിപി ചന്ദ്രശേഖരനെ അനുസ്മരിച്ച് കെ കെ രമ. പിന്നിട്ട 6 റൗണ്ടുകൾ മതി കേരളമേ ഇതു മതി. കുലംകുത്തി എന്ന ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ട കാലത്തിനുശേഷം ടി പി ചന്ദ്രശേഖരന് കഴിഞ്ഞു എന്നാണ് കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 14 വർഷം തികയുന്നു. 14 വർഷം മുമ്പ് ഇതേപോലെ ഒരു മെയിൻ നാലിന് ആയിരുന്നു കേരളക്കര ഞെട്ടുന്ന തരത്തിൽ അതിക്രൂരമായി ടിപിയെ കൊലപ്പെടുത്തിയത്. കേരള ചരിത്രത്തിൽ തന്നെ ഏവരെയും ഞെട്ടിക്കുന്ന ഒരു രാഷ്ട്രീയ കൊലപാതകം ആയിരുന്നു ടിപിയുടെത്. വോട്ടെണ്ണലിനു മുൻപ് ചന്ദ്രശേഖരന്റെ സ്മൃതി കുടീരത്തിലെത്തി രമ മുദ്രാവാക്യം വിളിച്ചിരുന്നു. കൊള്ളരുതായ്മയുടെ 10 വർഷമാണ് പിന്നിട്ടതെന്നും ഇന്ന് പിണറായി ഭരണത്തിന് അന്ത്യം കുറിയ്ക്കും എന്നും രമ വോട്ടെണ്ണലിനു മുൻപേ പ്രതികരിച്ചിരുന്നു.



