ആശാ ഭോസ്ലേയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വാർത്ത നൽകി; ജിയോ ന്യൂസിന് നോട്ടീസയച്ച് പാകിസ്ഥാൻ
അതുല്യ സംഗീതജ്ഞ ആശ ഭോസ്ലേയുടെ വിയോഗ വാർത്ത റിപ്പോർട്ട് ചെയ്തതിന് ജിയോ ന്യൂസിന് നോട്ടീസ് അയച്ച് പാക്കിസ്ഥാൻ. തങ്ങൾക്കെതിരെ പാക്കിസ്ഥാൻ നടപടി സ്വീകരിച്ചതായി ജിയോ ന്യൂസിന്റെ മാനേജിംഗ് ഡയറക്ടറും പാക്കിസ്ഥാനിലെ അസോസിയേഷൻ ഓഫ് ഇലക്ട്രോണിക് മീഡിയ എഡിറ്റേഴ്സ് ആൻഡ് ന്യൂസ് ഡയറക്ടർമാരുടെ പ്രസിഡന്റുമായ അസ്ഹർ അബ്ബാസ് വ്യക്തമാക്കി.
ആശ ഭോസ്ലെയുടെ വിയോഗവാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ ഇന്ത്യയിലെ സിനിമകളിൽ നിന്നുള്ള ദൃശ്യങ്ങളും പാട്ടുകളും ഉൾപ്പെടുത്തിയതിനെതിരെയാണ് പാക്കിസ്ഥാൻ നടപടി സ്വീകരിച്ചത്. വിഷയത്തിൽ ഏപ്രിൽ 27നകം നേരിട്ട് വിശദീകരണം നൽകണമെന്നാണ് മുന്നറിയിപ്പ്. കൂടാതെ രേഖാമൂലമുള്ള വിശദീകരണം 14 ദിവസത്തിനുള്ളിൽ നൽകണമെന്നും ജിയോ ന്യൂസ് അധികൃതരോട് പാക്കിസ്ഥാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
ഈ കാര്യങ്ങളിൽ വീഴ്ച സംഭവിക്കുകയാണെങ്കിൽ പിഴ ഒടുക്കേണ്ടി വരികയോ സസ്പെൻഷൻ, ചാനലിന്റെ ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ കർശനമായ നടപടികൾ നേരിടാം എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഈ വാർത്ത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് ആ ദൃശ്യങ്ങൾ അനിവാര്യമായിരുന്നു എന്നാണ് ചാനൽ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്.
അതുല്യയായ ഒരു കലാകാരിയുടെ ജീവിതത്തെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ കല ഉൾപ്പെടുത്തുന്നത് ധാർമികമായും തൊഴിൽപരമായും ശരിയായ തീരുമാനമായിരുന്നു എന്നും ജിയോ ന്യൂസ് എംഡി അസ്ഹർ അബ്ബാസ് വ്യക്തമാക്കി. കല ഒരിക്കലും അതിർത്തികൾക്കുള്ളിൽ ഒതുങ്ങി നിൽക്കരുത് എന്നും അത് മനുഷ്യരാശിയുടെ ഒരു പങ്കിട്ട പൈതൃകം ആണെന്നും അദ്ദേഹം പറഞ്ഞു.



