അയ്യയ്യേ നാണക്കേട്! യുഎസ് -ഇറാൻ ചർച്ചകൾക്ക് വേദിയായ ഹോട്ടലിലെ ബിൽ അടയ്ക്കാതെ മുങ്ങി പാക്കിസ്ഥാൻ
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് വേദിയായ ഹോട്ടലിലെ ബിൽ അടക്കാത്ത സംഭവം ആഗോളതലത്തിൽ പാക്കിസ്ഥാന് വലിയ നാണക്കേടായി മാറുന്നു. 2026 ഏപ്രിൽ 10 മുതൽ 12 വരെ ഇസ്ലാമാബാദിൽ വച്ച് നടന്ന ഉന്നതതല യുഎസ് ഇറാൻ ചർച്ചകൾക്ക് വേദിയായ സെറീന ഹോട്ടലിലെ ബില്ലുകൾ അടച്ചു തീർക്കുന്നതിലാണ് പാക്കിസ്ഥാൻ പരാജയപ്പെട്ടത്.
ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും വിശ്വാസ്യതയേയും കുറിച്ചുള്ള ചോദ്യങ്ങളാണ് ആഗോളതലത്തിൽ ചർച്ചയാകുന്നത്. ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന വിവര പ്രകാരം കുടിശ്ശിക പ്രശ്നം രൂക്ഷമായതോടെ ഹോട്ടൽ ഉടമ തന്നെ നേരിട്ട് ഇടപെട്ടു തുക അടച്ചു തീർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.സുപ്രധാനമായ ഒരു വിദേശനയത്തിന് നേതൃത്വം നൽകിയെന്ന് ഊറ്റം കൊള്ളുന്നതിനിടെയാണ് ബില്ലടയ്ക്കാതെ മുങ്ങി എന്ന ഈ സംഭവം പാക്കിസ്ഥാന് നാണക്കേടായി മാറിയത്.
അമേരിക്കയ്ക്കും ഇറാനും ഇടയിൽ വിശ്വസ്ഥനായ ഒരു മധ്യസ്ഥനായായിരുന്നു പാക്കിസ്ഥാൻ നിലകൊണ്ടിരുന്നത്. ഇതുവഴി ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധ നേടാനുള്ള ഒരു പരിശ്രമം കൂടിയായിരുന്നു ഉദ്ദേശം. ഇതിനുവേണ്ടിയാണ് സെറീന ഹോട്ടൽ പോലുള്ള പ്രശസ്തമായ വേദി തിരഞ്ഞെടുത്തതും. എന്നാൽ അടിസ്ഥാനപരമായ ചെലവുകൾ പോലും തീർപ്പാക്കാൻ കഴിയാതെ വരുന്നത് പാക്കിസ്ഥാന്റെ സാമ്പത്തിക അസ്ഥിരതയെയാണ് തുറന്നു കാണിക്കുന്നത്



