നടൻ മോഹൻലാലിന്റെ വ്യക്തിത്വ അവകാശങ്ങൾ (Personality Rights) സംരക്ഷിക്കണമെന്ന ഹർജിയിൽ അദ്ദേഹത്തിന് അനുകൂലമായ നടപടിയുമായി ഡൽഹി ഹൈക്കോടതി രംഗത്തെത്തി. മോഹൻലാലിന്റെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ, ശബ്ദം, പേര് തുടങ്ങിയവ ഉപയോഗിച്ചുള്ള സാമൂഹിക മാധ്യമ ലിങ്കുകൾ ഉടനടി നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. മെറ്റ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച കർശന നിർദ്ദേശം കോടതി നൽകിയിട്ടുണ്ട്.
താരത്തിന്റെ ചിത്രങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് എന്തിനാണെന്ന് ആരാഞ്ഞ കോടതി, വ്യാജ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുന്ന ലിങ്കുകൾ സംബന്ധിച്ച റിപ്പോർട്ട് വൈകിട്ട് നാലരയ്ക്കുള്ളിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. നേരത്തെ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, സോനാക്ഷി സിൻഹ തുടങ്ങിയ ബോളിവുഡ് താരങ്ങളും സമാനമായ രീതിയിൽ തങ്ങളുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കാനായി കോടതിയെ സമീപിച്ചിരുന്നു.



