ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനി (67) കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ലാരിജാനിയെ കൂടാതെ അദ്ദേഹത്തിന്റെ മകനും സഹായി അലി റസ ബയാത്തും നിരവധി അംഗരക്ഷകരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ആയത്തുള്ള അലി ഖമേനിയുടെ മരണശേഷം ഇറാന്റെ ഭരണകാര്യങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ എടുത്തിരുന്നത് ലാരിജാനിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലാരിജാനിക്ക് പുറമെ ഇറാന്റെ ബാസിജ് ഫോഴ്‌സ് കമാൻഡറായ ജനറൽ ഗുലാംറെസ സുലൈമാനിയും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ റെവല്യൂഷനറി ഗാർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ ഉന്നത സൈനിക-ഭരണ നേതൃത്വങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഇരുവരെയും വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി നേരത്തെ അവകാശപ്പെട്ടിരുന്നു. ബാസിജ് ആസ്ഥാനങ്ങൾ തകർത്തതിനെത്തുടർന്ന് സജ്ജീകരിച്ച താൽക്കാലിക ക്യാമ്പിൽ വെച്ചാണ് സുലൈമാനിയെ വകവരുത്തിയതെന്നാണ് ഇസ്രായേൽ നൽകുന്ന വിവരം.



