കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിന് തുടർഭരണമുണ്ടാകാൻ ആശംസകൾ നേർന്ന് തെന്നിന്ത്യൻ നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ അറിയിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തോട് തനിക്ക് പ്രത്യേകമായൊരു ആത്മബന്ധമുണ്ടെന്നും ചിലർ തന്നെ ഒരു പുറംനാട്ടുകാരനായി കാണുന്നുണ്ടെങ്കിലും താൻ എപ്പോഴും കേരളത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും കമൽഹാസൻ വ്യക്തമാക്കി. ശരിയായ തീരുമാനമെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം തന്റെ കുറിപ്പിൽ ഓർമ്മിപ്പിച്ചു.



