നോർത്ത് അമേരിക്കയിലെ മലയാളി പ്രവാസി സമൂഹത്തിന് പുത്തൻ ദിശാബോധമേകി കേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ച പ്രഥമ 'മീഡിയ & ബിസിനസ് ഫോറം' ഗാർലാൻഡിൽ ആവേശകരമായ സമാപനം. ഐ.സി.ഇ.സി ബാങ്ക്വറ്റ് ഹാളിൽ ഞായറാഴ്ച വൈകുന്നേരം നടന്ന സംഗമത്തിൽ അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം അധ്യക്ഷത വഹിച്ചു. നോർത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ സംഘടനകളായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് എന്നിവയുടെ പ്രതിനിധികളെയും ബിസിനസ് സംരംഭകരെയും ഒരേ വേദിയിൽ കൊണ്ടുവരാൻ കഴിഞ്ഞത് വലിയ നേട്ടമായി അദ്ദേഹം വിലയിരുത്തി. ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി പ്രവാസികളെ ഒരുമിച്ച് നിർത്താനും സമൂഹത്തിന്റെ വളർച്ചയിൽ മാധ്യമങ്ങൾക്കും ബിസിനസ് മേഖലയ്ക്കും നൽകാവുന്ന സംഭാവനകളെക്കുറിച്ചും ഫോറം ഗൗരവകരമായ ചർച്ചകൾക്ക് വേദിയൊരുക്കി.
സണ്ണി മാളിയേക്കൽ, സ്റ്റാർലൈൻ സജി, ജോസ് പ്ലാക്കാട്ട്, സുധ ജോസ്, പട്രീഷ്യ ഉമാ ശങ്കർ, പി.പി. ചെറിയാൻ, സജി സെബാസ്റ്റ്യൻ, മാത്യു നൈനാൻ, ജിജി പി. സ്കറിയ, സുകു വർഗീസ് തുടങ്ങി വിവിധ തുറകളിലുള്ള പ്രമുഖർ ചർച്ചയിൽ പങ്കെടുത്തു. ബിസിനസ്-മീഡിയ സഹകരണം, അസോസിയേഷന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ വിപുലീകരണം എന്നിവയെക്കുറിച്ച് ക്രിയാത്മകമായ നിർദ്ദേശങ്ങൾ സമ്മേളനത്തിൽ ഉയർന്നു വന്നു. രാജൻ ചിറ്റാർ, സിജു വി. ജോർജ്, ബെന്നി ജോൺ, കോശി പണിക്കർ തുടങ്ങി നിരവധി നേതാക്കളും വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ഡാലസിലെ മലയാളികൾക്കിടയിൽ വലിയൊരു മാറ്റത്തിന് ഈ കൂട്ടായ്മ തുടക്കമിടുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കും സഹകരിച്ചവർക്കും സെക്രട്ടറി മൻജിത് കൈനിക്കര നന്ദി രേഖപ്പെടുത്തി.



