നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിൽ ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചതിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത് രംഗത്തെത്തി. പ്രതികൾക്ക് മിനിമം തടവും മാക്‌സിമം പരിഗണനയുമാണ് ലഭിച്ചതെന്ന് പാർവതി സാമൂഹികമാധ്യമത്തിൽ കുറിച്ചു. "ഞങ്ങൾ സ്ത്രീകൾക്ക് ജീവിക്കാൻ ഒരിടം പോലുമില്ല. ശരി, അത് തിരിച്ചറിയുന്നു" എന്നും പാർവതി കൂട്ടിച്ചേർത്തു. പ്രോസിക്യൂഷൻ്റെയും പ്രതികളുടെയും വാദം കേട്ട ശേഷം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രതികളുടെ പ്രായം, കുടുംബപശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചത്.
അതേസമയം പ്രതികൾക്ക് വിധിച്ച ശിക്ഷ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന്പബ്ലിക് പ്രോസിക്യൂട്ടർ എ. അജയകുമാർ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ആണ് ശിക്ഷ വിധിച്ചത്. ആറ് പ്രതികൾക്കും വിചാരണ കോടതി വിധിച്ചത് കൂട്ടബലാത്സംഗ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. കോടതിയിൽ നിന്ന് പരിപൂർണ നീതി ലഭിച്ചില്ലെന്നും ശിക്ഷാവിധിയിൽ നിരാശനാണെന്നും അദ്ദേഹം വ്യക്തമാക്കി. ശിക്ഷാവിധി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അപ്പീൽ നൽകാനായി സർക്കാരിന് അപേക്ഷ നൽകുമെന്നും പ്രോസിക്യൂട്ടർ കൂട്ടിച്ചേർത്തു.
പൾസർ സുനി ഉൾപ്പെടെയുള്ള എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവാണ് കോടതി വിധിച്ചത്. പ്രതികൾ 50,000 രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ പ്രതികൾ ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം. മരണം വരെ തടവ് ശിക്ഷ നൽകണം എന്നായിരുന്നുന പ്രോസിക്യൂഷൻ്റെ ആവശ്യം. എന്നാൽ, പ്രതികളുടെ പ്രായം കൂടി പരിഗണിച്ച് ശിക്ഷ 20 വർഷമായി കുറയ്ക്കുകയായിരുന്നു. അതിജീവിതയ്ക്ക് അഞ്ച് ലക്ഷം രൂപ പ്രതികൾ പിഴ നൽകണമെന്നും കോടതി ഉത്തരവിട്ടു. പൾസർ സുനി (സുനിൽ എൻ.എസ്.), മാർട്ടിൻ ആൻ്റണി, ബി. മണികണ്ഠൻ, വി.പി. സജീഷ്, വടിവാൾ സലീം (എച്ച്. സലീം), പ്രദീപ് എന്നിവരാണ് കേസിലെ പ്രതികൾ.



