D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വിധി സമൂഹത്തിന് തെറ്റായ സന്ദേശം നൽകും! പ്രതികൾക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷ; പ്രോസിക്യൂട്ടർ എ. അജയകുമാർ
കോടതിയിൽ നിന്ന് പരിപൂർണ നീതി ലഭിച്ചില്ലെന്നും ശിക്ഷാവിധിയിൽ നിരാശനാണെന്നും അദ്ദേഹം വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾക്ക് വിധിച്ച ശിക്ഷ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന്പബ്ലിക് പ്രോസിക്യൂട്ടർ എ. അജയകുമാർ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ആണ് ശിക്ഷ വിധിച്ചത്. ആറ് പ്രതികൾക്കും വിചാരണ കോടതി വിധിച്ചത് കൂട്ടബലാത്സംഗ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. കോടതിയിൽ നിന്ന് പരിപൂർണ നീതി ലഭിച്ചില്ലെന്നും ശിക്ഷാവിധിയിൽ നിരാശനാണെന്നും അദ്ദേഹം വ്യക്തമാക്കി. ശിക്ഷാവിധി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അപ്പീൽ നൽകാനായി സർക്കാരിന് അപേക്ഷ നൽകുമെന്നും പ്രോസിക്യൂട്ടർ കൂട്ടിച്ചേർത്തു.

പൾസർ സുനി ഉൾപ്പെടെയുള്ള എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവാണ് കോടതി വിധിച്ചത്. പ്രതികൾ 50,000 രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ പ്രതികൾ ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം. മരണം വരെ തടവ് ശിക്ഷ നൽകണം എന്നായിരുന്നുന പ്രോസിക്യൂഷൻ്റെ ആവശ്യം. എന്നാൽ, പ്രതികളുടെ പ്രായം കൂടി പരിഗണിച്ച് ശിക്ഷ 20 വർഷമായി കുറയ്ക്കുകയായിരുന്നു. അതിജീവിതയ്ക്ക് അഞ്ച് ലക്ഷം രൂപ പ്രതികൾ പിഴ നൽകണമെന്നും കോടതി ഉത്തരവിട്ടു. പൾസർ സുനി (സുനിൽ എൻ.എസ്.), മാർട്ടിൻ ആൻ്റണി, ബി. മണികണ്ഠൻ, വി.പി. സജീഷ്, വടിവാൾ സലീം (എച്ച്. സലീം), പ്രദീപ് എന്നിവരാണ് കേസിലെ പ്രതികൾ.

ഐ.ടി. നിയമ പ്രകാരം പൾസർ സുനിക്ക് അഞ്ച് വർഷത്തെ തടവുശിക്ഷ കൂടി വിധിച്ചിട്ടുണ്ട്. എന്നാൽ എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രതികൾ ഇതുവരെ അനുഭവിച്ച ജയിൽ ശിക്ഷ 20 വർഷത്തെ തടവിൽ നിന്ന് കുറയ്ക്കും. അതായത്, ഏഴ് വർഷത്തോളം ജയിലിൽ കിടന്ന സുനിക്ക് ഇനി 13 വർഷത്തോളമാണ് ശിക്ഷ അനുഭവിക്കേണ്ടത്. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 11.30-ഓടെ ആറു പ്രതികളെയും കോടതിയിലെത്തിച്ചു. ഒരു മണിയോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. വൈകുന്നേരം 4.45-ഓടെയാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷാവിധിയിൽ മാത്രം വാദം മതിയെന്ന് കോടതി കർശന നിലപാട് സ്വീകരിച്ചിരുന്നു. ശിക്ഷയുടെ കാഠിന്യം കുറയ്ക്കുന്നതിനുള്ള വാദങ്ങളാണ് പ്രതിഭാഗം അഭിഭാഷകർ മുന്നോട്ടുവെച്ചത്. ശിക്ഷയിൽ പ്രതികൾ ഇളവ് തേടി. പ്രതികളിൽ പലരും പൊട്ടിക്കരയുകയും കുടുംബപശ്ചാത്തലം പറഞ്ഞ് ശിക്ഷയിൽ ഇളവ് തേടാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *