ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളായ നടൻ അജിത്ത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി. ചെന്നൈ പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.ചെന്നൈയിലെ ഇവരുടെ വീടുകളിലും പരിസരത്തും പോലീസ് ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെയും ബോംബ് സ്ക്വാഡിനെയും വിന്യസിച്ച് വിശദമായ പരിശോധന നടത്തി.
പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുവരുടെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അടുത്തിടെ തമിഴ് സിനിമ താരങ്ങൾക്ക് നേരെ ഇത്തരത്തിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണികൾ എത്തുന്നത് പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.



