തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൽ ഉപയോഗിച്ചിരുന്ന സ്വർണം ഉരുക്കി മാറ്റിയതായി കണ്ടെത്തൽ. ഉരുക്കിയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കലുണ്ടെന്നും ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനവുമായി ചേർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ഈ വമ്പൻ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ കൂടുതൽ ദേവസ്വം ജീവനക്കാർക്ക് പങ്കുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ സൂചനയുണ്ട്. സ്മാർട്ട് ക്രിയേഷൻസിലായിരുന്നു സ്വർണ്ണം പൂശാൻ കൊണ്ടുപോയത്.
അതേസമയം ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘം കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ദേവസ്വം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിർണായക നടപടി. ആറ് ആഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കൂടാതെ, രണ്ടാഴ്ചയിൽ ഒരിക്കൽ അന്വേഷണത്തിന്റെ പുരോഗതി കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.



