കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഇന്ന്(വ്യാഴം ). പെരുന്നാളിന്റെ പ്രധാന ദിവസമായ ഇന്ന് ചരിത്രപ്രസിദ്ധമായ വെച്ചൂട്ട് നേർച്ചസദ്യ വിതരണം ചെയ്യും. കൽക്കുരിശിന്റെ തെക്കുവശത്തു പ്രത്യേകം തയാറാക്കിയ കൗണ്ടറുകളിൽ രാവിലെ 11.15 മുതൽ ആണ് ലഭ്യമാകുക. 12 കൗണ്ടറുകളിൽ ആയിട്ടാണ് നേർച്ചസദ്യ ലഭിക്കുക. ഇന്ന് രാവിലെ 8.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നിവരും വൈദികരും സഹകാർമികരാകും. കൂടാതെ കുട്ടികൾക്ക് ആദ്യ ചോറൂണ് നൽകുന്ന ചടങ്ങും ഇതേസമയം പള്ളിയുടെ വടക്കുവശത്തെ പന്തലിൽ നടത്തും. ഉച്ചയ്ക്കു 2 മണിക്കാണ് പ്രദക്ഷിണം. വൈകിട്ട് 4ന് അപ്പവും കോഴിയിറച്ചിയും അടങ്ങുന്ന നേർച്ച വിളമ്പും. 23ന് ആണു കൊടിയിറങ്ങുക.ഇന്നു കൂടി വിശ്വാസികൾക്കു പൊന്നിൻകുരിശ് ദർശിച്ചു പ്രാർഥിക്കാൻ സൗകര്യം ഉണ്ടാകുമെന്നും റിപ്പോർട്ട്.



