തൃശ്ശൂർ: കോടാലിക്ക് സമീപം കടമ്പോട് ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കാവുങ്ങൽ സിൽജോയുടെയും ജോൺസിയുടെയും മകൻ ആൽജോയ്ക്കാണ് വിഷപ്പാമ്പിന്റെ കടിയേറ്റ്. ആൽജോയുടെ മൂത്ത സഹോദരൻ അൻജോ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയോടൊപ്പം കിടന്നുറങ്ങവെയാണ് ദാരുണമായ സംഭവം ഉണ്ടായത്. മൂത്തമകനായ അൻജോ(10) പുലർച്ചെ അഞ്ചരയോടെ അമ്മയെ വിളിച്ചുണർത്തിയപ്പോഴാണ് കുട്ടികളെ അവശനിലയിൽ കാണുന്നത്.
ഉടനെ തന്നെ രണ്ടു കുട്ടികളെയും സമീപത്തുള്ള ആംബുലൻസ് ഡ്രൈവറുടെ വീട്ടിലെത്തിക്കുകയും അവിടെ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. എന്നാൽ ഇളയ കുട്ടിയായ ആൽജോയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പുലർച്ചെ രണ്ടുമണിയോടെ വയറുവേദന എന്ന് പറഞ്ഞ് രണ്ടു കുട്ടികളും ഉണർന്നിരുന്നു പക്ഷേ തലേദിവസം പുറത്തുപോവുകയും തിരിച്ചുവന്ന് ജ്യൂസ് ഉണ്ടാക്കി കഴിക്കുകയും ചെയ്തതിനാൽ അതായിരിക്കാം വയറുവേദനയ്ക്ക് കാരണം എന്ന് കരുതി.
തുടർന്ന് ചൂടുവെള്ളം കൊടുത്ത ശേഷം വീണ്ടും കിടക്കുകയായിരുന്നു. ആശുപത്രി അധികൃതർ പാമ്പുകടിയേറ്റതാണെന്ന് പറഞ്ഞപ്പോഴാണ് വിവരം കുടുംബവും അറിയുന്നത്. തിരിച്ച് വീട്ടിലെത്തി കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.കടമ്പോട് എഎൽപിഎസിലെ രണ്ടാം ക്ലാസ്സ് വിദ്യാർഥിയാണ് ആൽജോ. കുട്ടിയുടെ ചുണ്ടിലാണ് പാമ്പ് കടിച്ചതെന്നാണ് സംശയിക്കുന്നത്. ഇവരുടെ സഹോദരി എയ്ഞ്ചൽ സംഭവസമയത്ത് വെള്ളിക്കുളങ്ങരയിലെ അമ്മയുടെ വീട്ടിൽ ആയിരുന്നു.



