ഇറാനും അമേരിക്കയും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്ന് മണിക്കൂറുകൾക്ക് പിന്നാലെ ഇറാനിലെ ലാവൻ ദ്വീപിലുള്ള എണ്ണ ശുദ്ധീകരണശാലയിൽ ആക്രമണം. ബുധനാഴ്ച 10 മണിയോടെയാണ് വീണ്ടും ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ ആളപായം ഉണ്ടായിട്ടില്ലെങ്കിലും പരിസരം സുരക്ഷിതമാക്കുന്നതിനും തീ നിയന്ത്രണവിധേയമാക്കുന്നതിനും ആയി വേണ്ട നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ട്.
വെടിനിർത്തൽ കരാറുമായി സഹകരിച്ചില്ലെങ്കിൽ ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് അവസാനം നിമിഷം ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയത്. തങ്ങളുടെ ശത്രു സൈന്യം യാചിച്ചു വാങ്ങിയതാണ് വെടിനിർത്തൽ കരാർ എന്ന് ഇറാൻ അവകാശപ്പെടുമ്പോൾ തന്റെ നീക്കങ്ങൾ ലക്ഷ്യം കണ്ടു എന്നാണ് ട്രംപിന്റെ പ്രതികരണം.
രണ്ടാഴ്ചത്തേക്ക് അമേരിക്ക ആക്രമണങ്ങൾ നിർത്തിവയ്ക്കുമെന്നും ഇതിന് പകരമായി ആഗോള എണ്ണ വിതരണത്തിൽ നിർണായകമായ ഹോർമോസ് കടലിടുക്ക സുരക്ഷിതമായി തുറന്നു നൽകാൻ ഇറാൻ സമ്മതിച്ചതായും ട്രംപ് അറിയിച്ചു. അതിനിടെയാണ് ആശങ്ക വർദ്ധിപ്പിച്ച് വീണ്ടും സ്ഫോടനം ഉണ്ടായത്.



