തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ്ക്കെതിരെ കടുത്ത വിമർശനവുമായി നടനും ബിജെപി നേതാവുമായ ശരത്കുമാർ രംഗത്തെത്തി. വിജയ് ഒരു യഥാർത്ഥ നേതാവല്ലെന്ന് വിമർശിച്ച അദ്ദേഹം, ബിജെപിയിൽ ചേർന്നതിന് ശേഷം തനിക്കും തന്നെ പിന്തുണക്കുന്നവർക്കും അർഹമായ പരിഗണന ലഭിക്കാത്തതിലുള്ള അതൃപ്തിയും പരസ്യമായി പ്രകടിപ്പിച്ചു. ശരത്കുമാറിന്റെ ഈ പ്രതികരണങ്ങൾ തമിഴ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ടാണ് ശരത്കുമാർ പ്രധാനമായും വിജയ്യെ ലക്ഷ്യം വെച്ചത്. 41 പേർ മരണപ്പെട്ട ദുരന്തത്തിന് ശേഷം മരിച്ചവരുടെ കുടുംബങ്ങളെ നേരിട്ട് പോയി കാണുന്നതിന് പകരം, അവരെ തന്റെ അടുത്തേക്ക് വിളിച്ചുവരുത്തിയ വിജയിന്റെ നടപടി ഒരു നേതാവിന് ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ വിജയ് ഒരു നേതാവല്ലെന്ന് തെളിയിക്കപ്പെട്ടതായും ശരത്കുമാർ ആരോപിച്ചു. വരും തിരഞ്ഞെടുപ്പിലും ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുമെന്നും വിമർശിക്കേണ്ട കാര്യങ്ങളെ താൻ വിമർശിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബിജെപി നേതൃത്വത്തോടുള്ള തന്റെ നീരസവും ശരത്കുമാർ വാർത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞു. പാർട്ടിയിൽ ചേർന്ന സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് തന്റെ അനുയായികൾ പരാതിപ്പെടുന്നുണ്ടെന്നും, തനിക്കും തന്റെ കൂടെയുള്ളവർക്കും അർഹമായ സ്ഥാനമാനങ്ങൾ ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടിക്കായി കഠിനാധ്വാനം ചെയ്തിട്ടും കൃത്യമായ ചുമതലകൾ നൽകാത്തതിലുള്ള വിഷമം അറിയിച്ച് ബിജെപി സംസ്ഥാന-ദേശീയ നേതൃത്വങ്ങൾക്ക് കത്തെഴുതുമെന്നും അദ്ദേഹം അറിയിച്ചു.



