D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അമേരിക്കയിൽ മലയാളി ജഡ്ജി കെ.പി. ജോർജിന് തിരിച്ചടി; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റക്കാരനെന്ന് വിധി
രണ്ട് തവണയായി ഇത്തരത്തിൽ പണം വകമാറ്റിയത് വഴി കള്ളപ്പണം വെളുപ്പിക്കലാണ് നടന്നതെന്ന് തെളിയിക്കപ്പെട്ടതോടെ, നിലവിൽ അദ്ദേഹത്തിനെതിരെ മൂന്നാം ഡിഗ്രി കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതിലൂടെ രണ്ട് മുതൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്...

അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും മലയാളിയുമായ കെ.പി. ജോർജിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. തന്റെ പ്രചാരണ അക്കൗണ്ടിൽ നിന്ന് 46,500 ഡോളർ സ്വന്തം വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിലൂടെ അദ്ദേഹം വിശ്വാസവഞ്ചന കാട്ടിയെന്നാണ് കോടതി നിരീക്ഷിച്ചത്. രണ്ട് തവണയായി ഇത്തരത്തിൽ പണം വകമാറ്റിയത് വഴി കള്ളപ്പണം വെളുപ്പിക്കലാണ് നടന്നതെന്ന് തെളിയിക്കപ്പെട്ടതോടെ, നിലവിൽ അദ്ദേഹത്തിനെതിരെ മൂന്നാം ഡിഗ്രി കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതിലൂടെ രണ്ട് മുതൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.

ശിക്ഷാവിധി ഔദ്യോഗികമായി പുറത്തുവരുന്നത് വരെ അദ്ദേഹത്തിന് പദവിയിൽ തുടരാനാകുമെങ്കിലും വിധി വന്നാലുടൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടേക്കാം. അതേസമയം, മേൽക്കോടതിയിൽ അപ്പീൽ നൽകുകയാണെങ്കിൽ ജഡ്ജിയായി തുടരാൻ സാധിക്കുമെങ്കിലും ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് സസ്‌പെൻഷൻ നടപടികളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. എന്നാൽ ഇതൊരു മോഷണമല്ലെന്നും പ്രചാരണത്തിനായി സ്വന്തം കൈയിൽ നിന്ന് ചെലവാക്കിയ തുക നിയമപരമായി തിരികെ എടുത്തതാണെന്നുമാണ് പ്രതിഭാഗം അഭിഭാഷകരുടെ വാദം. കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നും അവർ ആരോപിക്കുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് കെ.പി. ജോർജിനെ അറസ്റ്റ് ചെയ്തത്. പിന്നീട് 20,000 യുഎസ് ഡോളര്‍ ജാമ്യത്തുക കെട്ടിവെച്ച ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. നേരത്തെയും സമാനമായ വിവാദങ്ങളിൽ അദ്ദേഹം അകപ്പെട്ടിട്ടുണ്ട്. 2022-ലെ തിരഞ്ഞെടുപ്പ് സമയത്ത് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി സ്വയം വംശീയ അധിക്ഷേപങ്ങൾ ചമയിച്ചു എന്നാരോപിച്ച് ഇദ്ദേഹത്തിനും മുൻ ചീഫ് ഓഫ് സ്റ്റാഫ് തരാൽ പട്ടേലിനുമെതിരെ നേരത്തെ കേസെടുത്തിരുന്നു. കേരളത്തിൽ ജനിച്ച് 1993-ൽ അമേരിക്കയിലേക്ക് കുടിയേറിയ കെ.പി. ജോർജ്, 2018-ലാണ് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജൻ കൂടിയാണ് അദ്ദേഹം.

(DISCLAIMER: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ24 herald ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം,രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.)

Leave a Reply

Your email address will not be published. Required fields are marked *