വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കെ.കെ. രമ ആർ.എം.പി സ്ഥാനാർത്ഥിയായി ജനവിധി തേടും. യു.ഡി.എഫ് പിന്തുണയോടെയാണ് രമ മത്സരിക്കുകയെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച കെ.കെ. രമ ഇത്തവണ അതിനേക്കാൾ മികച്ച വിജയം കൈവരിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പരാജയം ഉറപ്പാക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് വാർത്താ സമ്മേളനത്തിൽ എൻ. വേണു വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വടകരയൊഴികെയുള്ള മറ്റ് മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ ആർ.എം.പി പിന്തുണയ്ക്കും.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ വരെ ഉയരുന്ന ആരോപണങ്ങൾ സി.പി.എം നേരിടുന്ന കടുത്ത ആഭ്യന്തര പ്രതിസന്ധിയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തിരുവനന്തപുരം ജില്ലയിലെ കോവളം മണ്ഡലത്തിൽ എൽ.ഡി.എഫ് പൊതുസ്വതന്ത്രനായി ഭഗത് റൂഫസ് മത്സരിക്കുമെന്നും തീരുമാനമായിട്ടുണ്ട്. മെയ് നാലിന് ടി.പി. ചന്ദ്രശേഖരൻ രക്തസാക്ഷി ദിനത്തിൽ പിണറായി സർക്കാരിന്റെയും സി.പി.എമ്മിന്റെയും പതനം ജനവിധിയിലൂടെ സംഭവിക്കുമെന്നും എൻ. വേണു പരിഹസിച്ചു.



