കെ. സുധാകരന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ് നേതൃത്വം ഒടുവിൽ സ്ഥാനാർത്ഥിത്വത്തിന് അംഗീകാരം നൽകുന്നു. കെ. സുധാകരനും അടൂർ പ്രകാശിനും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുന്നത് ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തന്റെ ആഗ്രഹം പോലെ തന്നെ സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്നാണ് സൂചന.
എന്നാൽ, സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച് നിലവിൽ പരസ്യമായ പ്രതികരണങ്ങളോ വാർത്താ സമ്മേളനമോ വേണ്ടെന്ന ഹൈക്കമാൻഡ് നിർദ്ദേശം സുധാകരൻ അംഗീകരിച്ചിട്ടുണ്ട്. ഇതിനിടെ, കെ. സുധാകരനും അടൂർ പ്രകാശും കേരള ഹൗസിൽ നിന്നും ബാധ്യതാരഹിത സർട്ടിഫിക്കറ്റ് (No Liability Certificate) ആവശ്യപ്പെട്ട് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് അപേക്ഷ നൽകിയതായും വിവരമുണ്ട്. ഇതോടെ അടൂർ പ്രകാശും മത്സരരംഗത്തിറങ്ങാനുള്ള ഒരുക്കങ്ങൾ സജീവമാക്കി.
സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നായിരുന്നു ഹൈക്കമാൻഡിന്റെ ആദ്യ തീരുമാനമെങ്കിലും, കണ്ണൂരിനോടുള്ള തന്റെ വൈകാരിക ബന്ധം പ്രകടിപ്പിച്ചുകൊണ്ട് സുധാകരൻ ഉറച്ചുനിൽക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയതോടെ നേതൃത്വം വഴങ്ങാൻ നിർബന്ധിതരായി.
കോന്നിയും കണ്ണൂരും ഒഴിച്ചിട്ടാണ് കോൺഗ്രസ് ആദ്യ പട്ടിക പുറത്തിറക്കിയിരുന്നത്. തർക്കങ്ങൾ പരിഹരിക്കുന്നതിനായി തിരഞ്ഞെടുപ്പ് സമിതി യോഗം വൈകുന്നേരത്തേക്ക് മാറ്റിവെച്ചു. കണ്ണൂരും കോന്നിയും ഉൾപ്പെടുത്തിയുള്ള രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് തന്നെ പുറത്തിറങ്ങിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



