വാഷിംഗ്‌ടൺ ഡി സി: നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെനസ്വേലയിലെ കാരക്കാസിലുള്ള അമേരിക്കൻ എംബസിയിൽ വീണ്ടും യുഎസ് പതാക ഉയർന്നു. 2019-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിനെത്തുടർന്ന് പ്രവർത്തനം നിർത്തിവെച്ച എംബസിയിലാണ് ശനിയാഴ്ച ഔദ്യോഗികമായി പതാക ഉയർത്തിയത്. കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതോടെയാണ് മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടായത്. നിലവിലെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറായതും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവർക്ക് പിന്തുണ പ്രഖ്യാപിച്ചതും എംബസി പുനരാരംഭിക്കുന്നതിലേക്ക് നയിച്ചു.
എംബസിയിൽ പതാക ഉയർന്ന നടപടിയെ കാരക്കാസിലെ പ്രാദേശിക നിവാസികൾ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇത് ലോകരാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിന്റെയും പുരോഗതിയുടെയും തുടക്കമാണെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. പതാക ഉയർത്തിയെങ്കിലും എംബസി കെട്ടിടത്തിൽ നിലവിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. അതിനാൽ എന്നുമുതൽ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് വ്യക്തമല്ല. അതേസമയം, നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്ന് നീക്കിയതിലും അദ്ദേഹത്തെയും ഭാര്യയെയും ന്യൂയോർക്കിൽ തടവിലാക്കിയതിലും വെനസ്വേലയിലെ ഒരു വിഭാഗം ജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും കടുത്ത പ്രതിഷേധമുണ്ട്. രാജ്യത്തെ എണ്ണ വ്യവസായത്തിൽ അമേരിക്കൻ സ്വാധീനം വർദ്ധിക്കുന്നത് തടയണമെന്നും ഇവർ ആവശ്യപ്പെടുന്നു.



